മുംബയ്: മാദ്ധ്യമപ്രവര്‍ത്തകനായ ജെ ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊള്ളത്തലവന്‍ ഛോട്ടാ രാജനെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം മഹാരാഷ്ട്രയിലെ മക്കോക്കാ കോടതിയില്‍ സമര്‍പ്പിച്ചു.
പ്രമുഖ ക്രൈം റിപ്പോര്‍ട്ടറായിരുന്ന ഡേയെ 2011ല്‍ പോവായില്‍ വച്ച് രാജന്റെ ആഞ്ജന പ്രകാരം വെടിവച്ചു കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങളില്‍ രാജന്‍ സംതൃപ്തനല്ലാതിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഡേ തന്റെ പുസ്തകത്തില്‍, ദാവൂദിനെ മുംബയിലെ കൊള്ളത്തലവന്‍ എന്ന് വിശേഷിച്ചപ്പോള്‍ രാജനെ ‘ചിന്ദി'(നിസാരന്‍) എന്ന് വിളിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ഡേയെ കൊലപ്പെടുത്താനുള്ള കാരണമെന്ന് സി.ബി.ഐ പറഞ്ഞു.
സി.ബി.ഐ ചാര്‍ജ് ഷീറ്റില്‍ 41 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രവി റാം എന്ന സാക്ഷിയെ ഇപ്പോള്‍ പ്രതിയാക്കിയാണ് ചാര്‍ജ് ഷീറ്റ് നല്‍കിയിരിക്കുന്നത്. രാജനും മറ്റ് പ്രതികള്‍ക്കുമിടയിലെ കണ്ണിയായി രവി റാം പ്രവര്‍ത്തിച്ചു എന്ന് വ്യക്തമായതിനാലാണ് ഇയാളെ പ്രതിയാക്കിയതെന്ന് സി.ബി.ഐ വ്യക്തമാക്കി.
രാജന്റെ നിര്‍ദേശ പ്രകാരം രവി റാം അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കാവുന്ന സിം കാര്‍ഡുകള്‍ പ്രതികള്‍ക്ക് ലഭ്യമാക്കിയെന്നാണ് അറിയുന്നത്. അറസ്റ്റിലായ മാദ്ധ്യമപ്രവര്‍ത്തക ജിഗ്‌ന വോറയും രാജനും തമ്മിലുള്ള സംഭാഷണങ്ങളുടെ പകര്‍പ്പും സി.ബി.ഐ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ ജോലീ സംബന്ധമായ വിരോധം തീര്‍ക്കാന്‍ രാജനെ ഡേയ്ക്ക് എതിരെ തിരിച്ചു എന്നതിനാണ് വോറ അറസ്റ്റിലായത്.