ഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് റാണ അയ്യൂബിനെ തടഞ്ഞത്. ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് പോകാനൊരുങ്ങിയതെന്നും എന്നാല്‍ മുംബൈ ഇമിഗ്രേഷനില്‍ തന്നെ തടഞ്ഞെന്നും റാണ അയ്യൂബ് ട്വീറ്റ് ചെയ്തു. യാത്രാ വിവരം ആഴ്ചകള്‍ക്ക് മുമ്പേ എല്ലാവരെയും അറിയിച്ചിരുന്നു. എന്നാല്‍ യാത്ര തടഞ്ഞ് ഇ ഡി തനിക്ക് സമന്‍സ് നോട്ടീസയച്ചുവെന്നും റാണ അയ്യൂബ് ആരോപിച്ചു. വിമാനത്താവളത്തില്‍ തടഞ്ഞതിന് ശേഷമാണ് ഇ ഡി സമന്‍സ് ലഭിച്ചതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയാണ് റാണ അയ്യൂബ്. അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പ്രഭാഷണം നടത്താനാണ് റാണ അയ്യൂബിനെ സംഘാടകര്‍ ക്ഷണിച്ചത്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്സ്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും റാണ അയ്യൂബിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചു.
കൊവിഡ്-19 ദുരിതാശ്വാസത്തിനായി സംഭാവനകള്‍ ശേഖരിക്കുന്നതിനിടയില്‍ റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഇ ഡി ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഏപ്രില്‍ ഒന്നിന് ഇ ഡി ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.