Journalist Revati Laul Attacked Allegedly By Gujarat Riots Convict

അഹമ്മദാബാദ്: അഹമ്മദാബാദില്‍ അഭിമുഖത്തിന് ചെന്ന മാദ്ധ്യമപ്രവര്‍ത്തകയെ ഗുജറാത്ത് കലാപ കേസില്‍ ശിക്ഷിയ്ക്കപ്പെട്ടയാള്‍ ആക്രമിച്ചതായി പരാതി. 2002ലെ നരോദ പാട്യ കൂട്ടക്കൊല കേസിലെ കുറ്റവാളികളെ സംബന്ധിച്ച് പുസ്തകമെഴുതുന്ന രേവതി ലോല്‍ എന്ന മാദ്ധ്യമപ്രവര്‍ത്തകയെയാണ് പരോളിലിറങ്ങിയ സുരേഷ് ഛര ആക്രമിച്ചത്.

അഭിമുഖത്തിലെ ചില ചോദ്യങ്ങളെ തുടര്‍ന്ന് ഇവരെ മര്‍ദ്ദിയ്ക്കുകയായിരുന്നു. സുരേഷ് ഛരയുടെ മകനും അയല്‍ക്കാരും ഇടപെട്ടതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് രേവതി പറഞ്ഞു. ഭൂതകാലം, കുടുംബം തുടങ്ങിയവയെക്കുറിച്ച് പ്രകോപനമുണ്ടാക്കാത്ത ചോദ്യങ്ങളാണ് ചോദിച്ചത്. എന്നല്‍ ഇയാള്‍ തല്ലാന്‍ തുടങ്ങി. തല ചുമരിലിടിച്ചു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും രേവതി പറഞ്ഞു. വെജല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ സുരേഷിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

നരോദ പാട്യകേസില്‍ ഇരട്ട ജീവപര്യന്തം തടവാണ് സുരേഷ് ഛരയ്ക്ക് കോടതി വിധിച്ചത്. സുരേഷിന്റെ മകളെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. അതേ സമയം സുരേഷ് മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി മുന്‍ ഭാര്യ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ഗുജറാത്ത് വര്‍ഗീയ കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണ് നരോദ പാട്യയില്‍ നടന്നത്. ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ നടത്തിയ കൂട്ടക്കൊലയില്‍ നൂറോളം പേരാണ് നരോദ പാട്യയില്‍ മാത്രം കൊല്ലപ്പെട്ടത്. നേരത്തെ എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്തിരുന്ന രേവതി ലോല്‍ നിലവില്‍ പുസ്തകരചനയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളമായി അഹമ്മദാബാദിലുണ്ട്.

Top