കൊച്ചി: മാധ്യമപ്രവര്‍ത്തകരുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് അഡ്വ.ജനറലിന്റെ നേതൃത്വത്തില്‍ നാളെ യോഗം ചേരാനിരിക്കെ കടുത്ത നിലപാടുമായി ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍.
മാധ്യമ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനെ കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ സഹകരിക്കുകയുള്ളുവെന്ന നിലപാടിലാണ് അഭിഭാഷക അസോസിയേഷന്‍. ഇക്കാര്യം ഇന്ന് ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു.
മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മാത്രമേ തല്‍സ്ഥിതി മാറേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ആലോചന നടത്തേണ്ടതുള്ളുവെന്നാണ് അഭിഭാഷകരുടെ തീരുമാനം. ഇതോടെ നാളെ നടക്കുന്ന യോഗം ത്രിശങ്കുവിലാകുമെന്ന് ഉറപ്പായി.
മാനേജ്‌മെന്റുകള്‍ വന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ നാവ് പൊങ്ങില്ലെന്ന് കണ്ടാണ് ഇത്തരമൊരു ‘തന്ത്രപരമായ’ നീക്കം. ഇത് ഇപ്പോള്‍ ഇരുവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ജൂലൈ 19നായിരുന്നു ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അഭിഭാഷകന്‍ സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കിടയില്‍ ചേരി തിരിവ് എന്ന രൂപത്തില്‍ വന്ന വാര്‍ത്തയാണ് സംഘര്‍ഷത്തിനാധാരമായിരുന്നത്.
വാര്‍ത്തയെച്ചൊല്ലി അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടുകയും സംഘര്‍ഷം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലേക്ക് വ്യാപിക്കുകയുമുണ്ടായി.
കൊല്ലം സെഷന്‍സ് കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് ഒരു വിഭാഗം അഭിഭാഷകര്‍ തടയുകയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ഏഷ്യാനെറ്റിന്റെ വാഹനം കോടതി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം പൊലീസ് ഇടപെടലില്‍ കലാശിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് തടങ്കലില്‍ വെച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ടൗണ്‍ എസ്‌ഐ വിമോദിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്ന സാഹചര്യം വരെയുണ്ടായി.
അഭിഭാഷകരുമായി സംഘര്‍ഷമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി പറഞ്ഞപ്രകാരം താനാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നത് തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ആലിക്കോയ രേഖാമൂലം സിറ്റി പൊലീസ് കമ്മീഷണറോട് വ്യക്തമാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകരും അഭിഭാകരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ട് ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാ ജില്ലകളിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പൊലീസുദ്യോഗസ്ഥരുമടങ്ങിയ സമിതിക്കാണ് കഴിഞ്ഞ ദിവസം രൂപം നല്‍കിയിരുന്നത്.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഹൈക്കോടതിയിലെ അടച്ചിട്ട മീഡിയാ റും തുറക്കുന്നതായിരുന്നു പ്രധാന അജണ്ട.