തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്.
ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.
ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.
ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.