മഹാപ്രളയത്തില്‍ നിന്നും നവകേരളത്തെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന തിരക്കിലാണ് ലോകമെമ്പാടും. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സഹായങ്ങളുമായി മുന്നോട്ടുവരികയാണ്. എന്നാല്‍ ഇങ്ങനെ ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചിലവഴിക്കുന്നുവെന്നും ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അതിനായി പ്രത്യേക വെബ് സൈറ്റ് ആരംഭിക്കുകയാണ് ഏക മാര്‍ഗ്ഗമെന്നും ജോയ് മാത്യു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മഹാപ്രളയത്തിൽ നിന്നും നവകേരളം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളത്തിനെ കൈമെയ് മറന്നു സഹായിക്കാൻ ലോകമെമ്പാടുനിന്നും മനുഷ്യസ്നേഹികൾ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നുണ്ട് .പ്രതിപക്ഷ കക്ഷികൾ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയിൽ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. എന്നാൽ ഇങ്ങിനെ ജനങ്ങൾ നൽകുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയിൽ ചിലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട് .ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വരവിന്റെ കണക്കുകൾ ഗവർമെന്റ് വെബ് സൈറ്റിൽ ഇപ്പോൾ ലഭ്യമാണ് .അതുപോലെ നവകേരളത്തിനുവേണ്ടി വരുന്ന ചിലവുകൾ എന്തൊക്കെയാണെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് .
വകമാറ്റി ചെലവ് ചെയ്യുന്നതിൽ തഴക്കവും പഴക്കവുമുള്ള നമ്മുടെ പാരമ്പര്യം ആവർത്തിക്കാ തിരിക്കാൻ ,നവകേരള നിർമ്മിതിയിൽ
ഉത് കണ്ഠയുള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന ഒരു വെബ് സൈറ്റ് ആരംഭിക്കുകയാണ് അതിനുള്ള ഏക മാർഗ്ഗം.
കാര്യങ്ങൾ സുതാര്യമാകുമ്പോൾ പ്രവൃത്തിയും ഫലം കാണും . സ്വതന്ത്രമായി കാര്യങ്ങളെ കാണുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവമായ ഒരു യുവ തലമുറ ഇവിടെയുണ്ട്,അവർക്ക് വേണ്ടി എങ്കിലും കാര്യങ്ങൾ സുതാര്യമാവണം.