ഹര്‍ത്താലും ബന്ദും നടത്തി യുവജനങ്ങള്‍ പാര്‍ട്ടിപ്പേടി ബാധിച്ചു കിടപ്പിലായെന്ന് ജോയ് മാത്യു

joy mathew

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പീഡിപ്പിച്ചെന്ന പരാതി കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ട് 84 ദിവസങ്ങള്‍ കഴിഞ്ഞു. ജനാധിപത്യക്രമത്തില്‍ പുലരുന്ന ഒരു നാട്ടില്‍ പൗരന്മാര്‍ക്ക് രണ്ടുതരം നീതിയും നിയമവും നടപ്പിലാക്കുന്നത് ശരിയാണോ എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു ചോദിക്കുന്നു. സദ്ദം ഹുസൈന് അഭിവാദ്യമര്‍പ്പിക്കുന്ന യുവജനങ്ങള്‍ പാര്‍ട്ടിപ്പേടി ബാധിച്ച് കിടപ്പിലായെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രതീക്ഷനൽകുന്ന യുവജനക്കൂട്ടം

——————————————

ബിഷപ്പിന്റെ കുപ്പായമിട്ട ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്ന ഒരു കന്യാസ്ത്രീയുടെ പരാതി പൊലീസിന് ലഭിച്ചിട്ട് 84 ദിവസങ്ങൾ കഴിയുന്നു .നീതിക്കുവേണ്ടി കന്യാസ്ത്രീകൾ തെരുവിൽ നിരാഹാരസമരം തുടങ്ങിയിട്ട് 14 ദിവസമാകുന്നു . ജനാധിപത്യക്രമത്തിൽ പുലരുന്ന ഒരു നാട്ടിൽ പൗരന്മാർക്ക് രണ്ടുതരം നീതിയും നിയമവും !സഭയെ പിണക്കിയാൽ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവർമെന്റ് എങ്ങിനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന ചോദ്യം ബാക്കിയാവുന്നു . കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും നട്ടെല്ല് വളയാത്ത മനുഷ്യർ വരുന്നു .ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. മനസ്സുകൊണ്ട് കന്യാസ്ത്രീകൾക്കൊപ്പമാണെങ്കിലും ആണുങ്ങൾ ഭരിക്കുന്ന പാർട്ടികളിലെ
സമ്മേളനങ്ങളിൽ ബാനർ പിടിച്ചു മുന്നിൽ നടക്കുക മാത്രം ശീലിമാക്കിയതിനാൽ പാർട്ടിപ്പേടി എന്ന അസുഖം ബാധിച്ച് സമരപ്പന്തലിന്റെ അയലത്തുകൂടി ഇവരാരും പോവില്ല .എന്നാൽ ലക്ഷങ്ങൾ (ചിരിപ്പിക്കരുത്)വരുന്ന വിവിധതരം യൂണിഫോമിട്ട യുവജന വിഭാഗങ്ങൾ എല്ലാ പാർട്ടിക്കാർക്കുമുണ്ട് . ലിബിയയിലെയും, പലസ്തീനിലെയും എന്തിന് അന്റാർട്ടിക്കയിലെ പോരാട്ടങ്ങൾക്ക് വരെ പിന്തുണകൊടുക്കുന്ന ,സദ്ദം ഹുസൈന് അഭിവാദ്യമർപ്പിക്കുന്ന , അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്ന,
ഹർത്താലും ബന്ദും നടത്തി നടത്തി വൃദ്ധരായിപ്പോയ യുവജനങ്ങളും പാർട്ടിപ്പേടി ബാധിച്ചു കിടപ്പിലായി എന്ന് കരുതി നിരാശനായിരിക്കുമ്പോഴാണ് ഭരിക്കുന്ന മുന്നണിയിൽ തങ്ങളുടെ പാർട്ടിയും ഉണ്ടെന്ന് അറിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെനാവശ്യപ്പെട്ട് തെരുവിലിറങ്ങാൻ തയ്യാറായത് AIYF എന്ന യുവജന സംഘടനമാത്രം. തങ്ങൾ ഇപ്പോഴും യുവാക്കളാണെന്നും നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് മുന്നോട്ടു വരാൻ ഒരു A I Y F ഉണ്ടായി .
അതെ ഈ ചെറുപ്പക്കാർ
മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നമുക്ക് നല്കുന്നു

Top