കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് പൊലീസ് വലയം തീര്‍ക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങള്‍ സുരക്ഷിതരാകില്ല എന്നാണ് ജോയ് മാത്യു പറയുന്നത്.
മുഖ്യമന്ത്രിക്ക് 40 പൊലീസുകാര്‍ വലയം തീര്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് ചുരുങ്ങിയത് 16 പേരെങ്കിലും വേണം എന്ന് ജോയ് മാത്യു പരിഹാസരൂപേണ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു പ്രതികരണം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അരക്ഷിതരായ നേതാക്കൾ ഉള്ള നാട്ടിൽ ജനങ്ങളെങ്ങിനെ സുരക്ഷിതരാവും ?
ഇത്രക്ക് പേടിച്ചു തൂറികളാണോ നമ്മുടെ ജനപതിനിധികൾ ?
മൂന്നുകോടിയിൽപ്പരം ജനസംഖ്യയുള്ള കേരളത്തിൽ ആകെയുള്ള പോലീസുകാർ (വനിതകളടക്കം )40567 പേരാണ് –
ഇതിൽ ഇരുനൂറിലധികം പേർ നമ്മുടെ നേതാക്കന്മാർ മന്ത്രിമാർ തുടങ്ങി
പല്ലുള്ളവരും പല്ലു പോയവരുമായ ന്യായാധിപന്മാരുടെയോ
അമ്മാതിരി സ്ഥാനത്തുള്ള മറ്റുള്ളവരുടെയൊ സുരക്ഷക്കാണത്രെ –
ഇതിൽ 40 പോലീസുകാർ മുഖ്യമന്ത്രിക്ക് മാത്രമായി
വലയം തീർക്കുമ്പോൾ പ്രതിപക്ഷ നേതാവിന്ന് ഒരു 16 പേരെങ്കിലും വേണ്ടതല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അത് സമ്മതിച്ചേ പറ്റൂ –
കാരണം കാശ്മീർ കഴിഞ്ഞാൽ ഏറ്റവുമധികം ആക്രമണങ്ങൾ ,തട്ടിക്കൊണ്ടു പോകലുകൾ , വധ ഭീഷണി എന്നിവയെല്ലാം നടക്കുന്ന സ്ഥലമാണല്ലോ നമ്മുടെ കേരളം !
അതുകൊണ്ട് മുഖ്യമന്ത്രിയെയും
മറ്റും നമുക്ക് സംരക്ഷിച്ചെ പറ്റൂ .അക്കാര്യത്തിൽ നമുക്ക് തർക്കവുമില്ല.
എന്നാൽ മന്ത്രിമാർക്ക് മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർക്കും സുരക്ഷാ ഭീഷണിയുണ്ടത്രേ .അതുകൊണ്ടാണ്
സി പി എം സിക്രട്ടറി കോടിയേരിക്ക് 23 പോലീസ്കാർ വലയം തീർക്കുന്നത് .
ഇത് കോടിയേരിക്ക് മാത്രമല്ല അധികാരമില്ലാത്ത പല നേതാക്കന്മാർക്കും ഉണ്ടത്രേ പോലീസ് വലയങ്ങൾ !
ഇങ്ങിനെ പൊതുജനത്തെ പേടിച്ചു കഴിയാൻ മാത്രം എന്ത് തെറ്റാണിവർ ചെയ്തത് ?
രാജ്യത്തെ സേവിക്കുന്നു എന്നതോ ?
എന്റെ അഭിപ്രായത്തിൽ ഓരോ പാർട്ടിയുടെ നേതാവിനും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വലയം തീർക്കാൻ നിയോഗിക്കണമെന്നാണ് . അതോടെ
പോലീസ്
ഇപ്പോഴുണ്ടാക്കുന്ന
ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതാവും മാത്രവുമല്ല രാഷ്ട്രീയ നേതാക്കൾ വലയത്തിനകത്ത് നിന്നും പുറത്ത് ചാടി ജനങ്ങൾക്കരികിലേക്ക് വരാതിരിക്കുകയും
ചെയ്യും –
അപ്പോഴാണ് നമ്മൾ ജനങ്ങൾ സുരക്ഷിതരാകുന്നത് –
ചുരുക്കിപ്പറഞ്ഞാന്‍ തന്റെ അഭിപ്രായത്തില്‍ ഓരോ പാര്‍ട്ടിയുടെ നേതാവിനും അഞ്ച് പേരെയെങ്കിലും വലയം തീര്‍ക്കാന്‍ നിയോഗിക്കണമെന്നും ജോയ് മാത്യു പരിഹാസരൂപേണ കുറിച്ചു.