സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവത്തെ തനിക്കും വേണ്ടെന്ന് ജോയ് മാത്യു

joy-mathew

കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചുവെന്ന് ആരോപണമുന്നയിച്ച സിനിമാതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി പിന്തുണയുമായി ജോയ് മാത്യു. ‘ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെവേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട’- ഫേസ്ബുക്കില്‍ ജോയ് മാത്യു കുറിച്ചു.

ദേശീയ ചലച്ചിത്രോത്സവത്തിന് തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും നേരത്തെ സുരഭി ആരോപിച്ചിരുന്നു.

സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച മിന്നാമിനുങ്ങെന്ന ചിത്രം മേളയില്‍ ഇല്ലാത്തതും ഏറെ ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 12-ന് മേളയ്ക്ക് സമാന്തരമായുള്ള മിന്നാമിനുങ്ങിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങില്‍ താന്‍ പങ്കെടുക്കുന്നുണ്ടെന്നും സുരഭി പറഞ്ഞിരുന്നു.

സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ കമലും രംഗത്ത് വന്നിരുന്നു. സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും കമല്‍ പ്രതികരിച്ചു.

Top