പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ജെ പി നദ്ദ

ന്യൂഡല്‍ഹി: ആലപ്പുഴ കൊലപാതകങ്ങളില്‍ കേരളസര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടും. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി.

ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പോലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടുമെന്നാണ് വിവരം.

കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നും കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തി. ക്രൂരത കൊണ്ട് ഭയപ്പെടുത്താനാവില്ലെന്ന നദ്ദയുടെ പ്രതികരണം വിഷയം ദേശീയതലത്തിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിന്റെ കൂടി സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

Top