പെരുമ്പാവൂര്‍:ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി രേഖാചിത്രത്തിനു സാമ്യമുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്നു പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല.
ജിഷയുടെ വീടിനു സമീപത്തുള്ള അയല്‍വാസികളുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കൊലപാതകത്തിനു ശേഷം കനാല്‍ വഴിയാണ് ഇയാള്‍ പുറത്തേക്കു പോയതെന്നും മഞ്ഞ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചതെന്നും സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തയാളുമായാണ് രേഖാചിത്രത്തിനു സാമ്യം. ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ നാലരയോടെ കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.രണ്ടു ദിവസം മുന്‍പാണ് ഇവിടെ ഇയാള്‍ ജോലിക്കാരനായി പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ ചെറിയ വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പീഡനത്തിനിരയാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.