gSLV mark 3 chriogenic uppersatge succesfully completed

തിരുവനന്തപുരം: ഉപഗ്രഹവിക്ഷേപണരംഗത്ത് വന്‍വിജയക്കുതിപ്പിനായി ജി.എസ്.എല്‍.വി. മാര്‍ക്ക് 3 യുടെ ക്രയോജനിക് അപ്പര്‍‌സ്റ്റേജിന്റെ രണ്ടാംഘട്ട പരീക്ഷണം വിജയം കണ്ടു.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പര്‍‌സ്റ്റേജിന്റെ 640 സെക്കന്‍ഡുനീണ്ട പരീക്ഷണമാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ രണ്ടാംപകുതിയോടെ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ഡി ഒന്നിന്റെ വിക്ഷേപണം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പര്‍‌സ്റ്റേജിന്റെ 640 സെക്കന്‍ഡുനീണ്ട പരീക്ഷണമാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ പൂര്‍ത്തിയാക്കിയത്.പരീക്ഷണങ്ങള്‍ക്ക് സമാന്തരമായി റോക്കറ്റിന്റെ സംയോജനം ശ്രീഹരിക്കോട്ടയില്‍ അന്തിമഘട്ടത്തിലാണെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ 2.2 ടണ്‍ ആണ് ജി.എസ്.എല്‍.വി.യുടെ വാഹകശേഷി. 3.5 ടണ്‍ വരെയുള്ള വലിയ ഉപഗ്രഹങ്ങള്‍ വിദേശ സഹായത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ വിക്ഷേപിക്കുന്നത്.ജി.എസ്.എല്‍.വി. മാര്‍ക്ക് 3 സജ്ജമാകുന്നതോടെ നാലുടണ്‍ വരെയുള്ള പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാകും.

3.5 ടണ്‍ ഭാരം വരുന്ന ഇന്ത്യയുടെ വാര്‍ത്താവിനിയമ ഉപഗ്രഹമായ ജിസാറ്റ് 19 ആയിരിക്കും ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ആദ്യം ഭ്രമണപഥത്തിലെത്തിക്കുക.

ക്രയോജനിക് അപ്പര്‍ സ്റ്റേജിന്റെ 50 സെക്കന്‍ഡ് പരീക്ഷണം ജനുവരിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ വരുന്ന 640 സെക്കന്‍ഡ് പരീക്ഷണമാണ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയത്. ഇതോടെ പ്രധാനപരീക്ഷണങ്ങള്‍ കഴിഞ്ഞു.

ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ല്‍ രണ്ട് എസ് 200 ബൂസ്റ്ററുകള്‍, ഒരു ലിക്വിഡ് കോര്‍‌സ്റ്റേജ്, ഒരു ക്രയോജനിക് അപ്പര്‍ സ്റ്റേജ് എന്നിങ്ങനെ മൂന്നുഘട്ടങ്ങളുണ്ടാകും. മൈനസ് 195 ഡിഗ്രി സെല്‍ഷ്യസിലുള്ള ദ്രവീകൃതഓക്‌സിജനും മൈനസ് 253 ഡിഗ്രി സെല്‍ഷ്യസിലുള്ള ദ്രവീകൃതഹൈഡ്രജനുമാണ് മൂന്നാംഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. 27.8 ടണ്‍ ഭാരമുണ്ടാകും.

വലിയഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് വിദേശവിക്ഷേപണ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് 600 കോടി രൂപ വരെയായിരുന്നു ചെലവ് എന്നാല്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 സജ്ജമാകുന്നതോടെ ഇത് പകുതിയായി കുറയുമെന്ന് എല്‍.പി.എസ്.സി. ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു.

Top