മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഈ ആരാധനയും സ്‌നേഹവും മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം.
അന്ന് ജൂഡ് അസോസിയേറ്റ് ഡയറക്ടര്‍ ആണ്. സിനിമയോടുള്ള ഇഷ്ടവും മമ്മൂട്ടിയോടുള്ള സ്‌നേഹവും ജൂഡിനെ ഒരു കൊച്ചു സിനിമയിലെത്തിച്ചു.
മമ്മൂക്കയുടെ ആത്മകഥയുടെ ചെറിയ ദൃശ്യാവിഷ്‌കാരം. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്നാണ് ആ ഹ്രസ്വചിത്രത്തിന് ജൂഡ് നല്‍കിയ പേരും.
ആ ഹ്രസ്വചിത്രം പൂര്‍ത്തിയാക്കിയ സമയത്ത് ഇത് എങ്ങനെയെങ്കിലും മമ്മൂക്കയെ കാണിക്കുക എന്നതായിരുന്നു ജൂഡിന്റെ അടുത്ത സ്വപ്‌നം.
മമ്മൂട്ടിയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല. അന്ന് വിനീതിന്റെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ജൂഡ്.
വിനീതിനോട് തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. വിനീത് വഴി മമ്മൂക്കയെ കാണാനുളള അവസരം ഒരുങ്ങുന്നു.
‘അങ്ങനെ താപ്പാനയുടെ സെറ്റില്‍ ഞാന്‍ എത്തി. കാരവാന്‍ കിടപ്പുണ്ട്. ഷൂട്ടിങിലെ ഇടവേളയാണ്. മമ്മൂക്ക കാരവാനില്‍ നിന്നിറങ്ങി. അന്ന് ആദ്യമായാണ് മമ്മൂക്കയെ നേരിട്ട് കാണുന്നത്.
ജോര്‍ജ് ചേട്ടനും ഉണ്ട് കൂടെ. ‘ഡേറ്റിനാണോ’ എന്നാണ് മമ്മൂക്ക ആദ്യം ചോദിച്ചത്. ഡേറ്റിനല്ലെന്നും ഞാന്‍ ചെയ്ത ചെറിയ സിനിമ കാണിക്കാന്‍ വേണ്ടിയാണ് എത്തിയതെന്ന് മമ്മൂക്കയോട് പറഞ്ഞു.
ഉടന്‍ അടുത്ത മറുപടി ‘അപ്പോള്‍ ഡേറ്റ് വേണ്ടേ’…എനിക്കിത് എങ്ങനെയെങ്കിലും അദ്ദേഹത്തെ കാണിച്ചാല്‍ മതിയെന്നായിരുന്നു. ‘വേണ്ട’ എന്നാണ് ഞാന്‍ മറുപടി കൊടുത്തത്.
അങ്ങനെ അവിടെവച്ച് ഹ്രസ്വചിത്രം മമ്മൂക്കയ്ക്ക് പെന്‍ഡ്രൈവില്‍ കോപ്പി ചെയ്തു കൊടുത്തു. പിന്നീട് എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. വീടും ജോലിയുമൊക്കെ ചോദിച്ചു.
എഞ്ചിനിയറിങ് കഴിഞ്ഞ് ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തിയതെന്ന് പറഞ്ഞപ്പോള്‍ അടുത്ത മറുപടി. ‘മാതാപിതാക്കള്‍ പിള്ളേരെ പഠിക്കാന്‍ വിടും ഇവിടെ ജോലിയും ഉപേക്ഷിച്ച് സിനിമയെന്നും പറഞ്ഞ് ചാടിയേക്കുന്നു. എന്തു പറയാനാ’.
അപ്പോള്‍ ഞാനും പറഞ്ഞു, ‘മമ്മൂക്ക വക്കീല്‍ ജോലി ഉപേക്ഷിച്ചല്ലേ സിനിമയില്‍ സജീവമായതെന്ന്’. ജോര്‍ജേ ഇവന്‍ കുഴപ്പമാണല്ലോ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.
എന്തായാലും ഷോര്‍ട്ട് ഫിലിം വീട്ടുകാരെ കൂടി കാണിക്കണമെന്നും അതുകഴിഞ്ഞ് അഭിപ്രായം പറയാമെന്നുമായിരുന്നു മമ്മൂക്ക പറഞ്ഞത്. ആ സന്തോഷത്തില്‍ അന്ന് ഞാന്‍ അവിടെ നിന്നും ഇറങ്ങി.
എന്തായിരിക്കും ചിത്രം കണ്ടു കഴിഞ്ഞ് അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് പിന്നീട് മനസില്‍ ആലോചിച്ച് കൊണ്ടിരുന്നത്. അങ്ങനെ ആഴ്ചകള്‍ക്ക് ശേഷം താപ്പാനയുടെ മറ്റൊരു ലൊക്കേഷനില്‍ ഞാന്‍ എത്തി.
അവിടെ ആണെങ്കില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലിയും, കയറൊക്കെ കെട്ടിയാണ് ആളുകളെ തിരിക്കുന്നത്. മമ്മൂക്ക അവിടെ നില്‍ക്കുന്നത് എനിക്ക് കാണാം. ഇന്ന് ആ ആഗ്രഹം നടക്കില്ലെന്നു തന്നെ വിചാരിച്ചു.
പെട്ടന്നൊരു വിളി ‘എടാ നീ ഇങ്ങോട്ട് വാ..’ അത് മമ്മൂക്കയായിരുന്നു. അത്രയും ആളുകളുടെ മുന്നില്‍വച്ച് നാളുകള്‍ മാത്രം പരിചയമുള്ള എന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. രോമാഞ്ചമൊക്കെ വന്നെന്ന് പറയില്ലെ, ആ ഒരു അനുഭവം.
ഷോര്‍ട്ട് ഫിലിം കണ്ടെന്നും എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കാണാന്‍ വന്നപ്പോള്‍ നിനക്ക് മുടി ഇതിലും ഉണ്ടായിരുന്നല്ലോ , അതൊക്കെ എവിടെപ്പോയെന്നും അദ്ദേഹം എന്നോട് ചോദിച്ചു.
ഇത്രയുമൊക്കെ ഈ മനുഷ്യന്‍ ഓര്‍ത്തിരിക്കുന്നതില്‍ അത്ഭുതം തോന്നി. ഈ ഹ്രസ്വചിത്രം സിനിമായാക്കാനുള്ള ആഗ്രവും അദ്ദേഹത്തോട് അന്ന് ഞാന്‍ പറഞ്ഞു.
ആരാണ് തിരക്കഥ എഴുതുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാ അനുഗ്രഹവും എനിക്ക് നല്‍കുകയും ചെയ്തു. ഇതില്‍പ്പരം എന്തുവേണം.
വെറും നാളുകള്‍ മാത്രമുള്ള പരിചയം. ഒരാളെ പെട്ടന്നു തന്നെ അദ്ദേഹം മനസ്സില്‍ ഓര്‍ത്തുവെക്കും. ആ ബന്ധം ഇപ്പോഴും ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ഫോണില്‍ എന്തെങ്കിലും ആവശ്യത്തിന് മെസേജ് അയച്ചാല്‍ ഉടനെത്തും മമ്മൂക്കയുടെ റിപ്ലെ. എന്നോടെന്നല്ല മറ്റുളളവരോടെല്ലാം അദ്ദേഹം ഇങ്ങനെ തന്നെയാണ്.
തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. സിനിമയുടെ ചിത്രീകരണം നടക്കുന്ന ഒരു ദിവസം.
മമ്മൂക്ക അന്ന് പുതിയൊരു ഗാഡ്ജറ്റ് മേടിച്ചിരുന്നു. അതിന്റെ ഉപയോഗത്തെക്കുറിച്ച് എനിക്ക് അദ്ദേഹം പറഞ്ഞുതരുകയുണ്ടായി. ഇക്കാര്യങ്ങിളെല്ലാം അപ്റ്റുഡേറ്റ് ആണ് മമ്മൂക്ക.
ഈ സിനിമയില്‍ ഞാനൊരു ശല്യക്കാരനായാണ് മമ്മൂക്കയുടെ മുന്നില്‍ എത്തുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ മമ്മൂക്കയോട് വഴക്കുണ്ടാക്കുന്ന കഥാപാത്രം. പിന്നെ അതൊക്കെ സിനിമയില്‍ മാത്രമേ ഒള്ളൂ കേട്ടോ ! ജീവിതത്തില്‍ എന്റെ ചങ്ക് ആണ് മമ്മൂക്ക.