ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവം; അന്വേഷണം വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജാര്‍ഖണ്ഡ്; ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡിഷണല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ജഡ്ജിയെ വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അറിയിച്ചു. ജഡ്ജിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചേക്കും എന്നാണ് സൂചന.

ഇന്നലെ പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ഉത്തം ആനന്ദിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമടക്കം സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ജഡ്ജിയെ ഇടിച്ചുതെറിപ്പിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉത്തം ആനന്ദ് പരിഗണിച്ച പ്രധാന കേസുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകള്‍ക്ക് അടുത്തകാലത്ത് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.

Top