മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവച്ചു . .

judgeravi

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവച്ചതായി റിപ്പോര്‍ട്ട്. വിധി പ്രസ്താവിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിനാണ് എന്‍ഐഎ കോടതി ജഡ്ജിയായ റെഡ്ഢി രാജിക്കത്ത് കൈമാറിയത്. വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നല്‍കുകയും പിന്നീട് രാജി സമര്‍പ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് വിവരം.

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു ഹൈദരാബാദ് എന്‍ഐഎ കോടതിയാണു വിധി പുറപ്പെടുവിച്ചത്. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തു മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിക്കുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു.

ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ച സിബിഐ പിന്നീട് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നു കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Top