ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതില്‍ ഉന്നത ജുഡീഷ്യറിയില്‍ പ്രതിഷേധം. ആദ്യമയച്ച പേര് സീനിയോരിറ്റിയില്‍ ആദ്യം വെക്കണമായിരുന്നുവെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ കെ എം ജോസഫിനോട് അനീതി കാണിച്ചെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസിനെ കാണും. ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും.
പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിമാരില്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് ഇന്ദിര ബാനെര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര്. ഇത് ശരിയല്ലെന്നും കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നുമാണ് പ്രതിഷേധമുള്ള ജഡ്ജുമാരുടെ ആവശ്യം.
ജസ്റ്റിസ് കെഎം ജോസഫിന്റെ പേരു ജനുവരി പത്തിനാണ് കൊളീജിയം അയച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേരുകള്‍ അയച്ചത് ജൂലൈ 16 നും. അപ്പോള്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് കെ.എം ജോസഫ് മൂന്നാമത് ആകുന്നത് എങ്ങനെയെന്നാണ് പ്രതിഷേധിക്കുന്ന ജഡ്ജിമാരുടെ ചോദ്യം.
നാളെ 10.30 ന് പുതുതായി നിയമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് ജഡ്ജിമാരുടെ പ്രതിഷേധം.