ചണ്ഡിഗഡ്: പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷിക്കണം ആവശ്യമെങ്കിൽ അതിനും തയാറാണെന്നാണ് ആംആദ്മി സർക്കാർ അറിയിച്ചു. പ്രത്യേകസംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ആറ് പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തു.
പഞ്ചാബ് മാൻസയിലെ ജവഹർകേയിലെയിൽ വച്ച് ഇന്നലെയായിരുന്നു കൊലപാതകം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരുക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാല മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാൻസയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.