ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം

കോട്ടയം : പാലായില്‍ സ്‌കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം. മരിച്ച അഭീലിന്റെ മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

അന്വേഷണം അട്ടിമറിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ നീക്കങ്ങളും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘാടകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതും അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. അഭീലിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. സഹായധനം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി കുടുംബം നേരത്തേയും രംഗത്തെത്തിയിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന വാദം തെറ്റാണ്, സംഘാടകര്‍ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ സഹായിയായി പോയത്, അപകടം നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്നും അഫീലിന്റെ പിതാവ് അറിയിച്ചു.

വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടനത്തില്‍ പിഴവുണ്ടായതായി അന്വേഷണ സമിതിയും കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ നാലിനാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനുമായ അഫീല്‍ ജോണ്‍സന്റെ തലയില്‍ ഹാമര്‍ വീണത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫീല്‍ ഈ മാസം 21നാണ് മരിച്ചത്.

Top