ജൂലിയന്‍ ആസാഞ്ചെയെ നാടുകടത്താനാകില്ലെന്ന് യുകെ കോടതി

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെനെ അമേരിക്കയിലേക്ക് നാടുകടത്തില്ലെന്ന് യുകെ കോടതി. അസാഞ്ചെയുടെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അദ്ദേഹത്തെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് യുകെ കോടതി വിധിയില്‍ പ്രസ്ഥാവിച്ചിരിക്കുന്നത്.

ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്സറാണ് കേസില്‍ വിധി പറഞ്ഞത്. ഭീകരതയ്ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ്ങ് തുടങ്ങി 17 ഓളം കേസുകളായിരുന്നു അമേരിക്ക ചുമത്തിയിരുന്നത്. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയന്‍ അസാഞ്ചിന് 175 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. കേസില്‍ യു.എസ് അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ല്‍ വിക്കിലീക്സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകന്‍ ക്രിസ്റ്റിന്‍ ഹ്രാഫ്നോസന്‍ ചുമതലയേറ്റെടുത്തു. 2010ന്റെ മധ്യത്തില്‍ വിക്കിലീക്സ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്.

രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരടക്കം, പന്ത്രണ്ടോളം ഇറാഖികളെ യു.എസ് സൈനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചു കൊല്ലുന്നതിന്റെ 39 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിക്കിലീക്സ് പുറത്തുവിട്ടത്. അതേവര്‍ഷം ജൂലായില്‍ തന്നെ വിക്കിലീക്സും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പല അന്താരാഷ്ട്ര മാധ്യമങ്ങളും അഫ്ഗാനിസ്ഥാനിലെ യുദ്ധവുമായി ബന്ധപ്പെട്ട 90,000ത്തിലധികം യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം വലിയ ഭീഷണികള്‍ നിലനില്‍ക്കെ തന്നെ ജൂലിയന്‍ അസാഞ്ചെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട 3,91,832 രേഖകള്‍ വീണ്ടും പുറത്തുവിട്ടു. ഇറാഖ് വാര്‍ ലോഗുകള്‍ എന്നറിയപ്പെട്ട ഈ രേഖകളില്‍ ഇറാഖിലെ യു.എസ് ട്രൂപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

Top