ജുനൈദ് വധം: കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് സുപ്രീംകോടതി

Junaid lynching case

ന്യൂഡല്‍ഹി: ബീഫ് കൈവശം വച്ച് യാത്ര ചെയ്‌തെന്ന പേരില്‍ കൊലപ്പെടുത്തിയ ജുനൈദ് കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

കേസ് സിബിഐയ്ക്ക് വിടണമെന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനും ഹരിയാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് കുര്യന്‍ ജോസഫും എം.എം ശാന്തനഗൗഡറും അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ പഞ്ചാബ്ഹരിയാന ഹൈക്കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി ജലാലുദ്ദീന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഈദ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെ ട്രെയിനില്‍ വച്ച് ഒരു സംഘം ആളുകള്‍ കുത്തിക്കൊലപ്പെടുത്തിയത്.

Top