ഫരീദാബാദ്: ഹരിയാനയില്‍ പശു ഇറച്ചി കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ട്രെയിനില്‍ ജുനൈദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പിടിയിലായി.
മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നിയമപരമായ തടസമാണ് വിവരം പുറത്ത് നല്‍കാത്തതെന്ന് ഫരീദാബാദ് പോലീസ് പറയുന്നു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍നിന്നുമാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
കേസില്‍ മുഖ്യപ്രതിയെന്ന് സംശയിച്ചയാളല്ല യഥാര്‍ഥ പ്രതിയെന്ന് ഹരിയാന പോലീസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയതായും പോലീസ് സമ്മതിച്ചു. പ്രതിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസില്‍ നേരത്തെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു.
ജൂണ്‍ 24-ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് റംസാന്‍ ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഗഢിലേക്ക് മടങ്ങിവരുമ്പോഴാണ് ജുനൈദും സംഘവും ആക്രമണത്തിനിരയായത്. സഹോദരങ്ങളായ ഹാഷിം, സക്കീര്‍, മുഹ്സില്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമികള്‍ ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചതോടെ പശുവിറച്ചി തിന്നുന്നവരും മുസ്ലിങ്ങളുമെന്നു പറഞ്ഞ് മര്‍ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.