കാട്ടു തീ പടരുന്നു;യൂറോപ്യന്‍ യൂണിയനോട് സഹായം ആവശ്യപ്പെട്ട് സ്വീഡന്‍

സ്റ്റോക്ക് ഹോം : ആര്‍ട്ടിക പ്രദേശത്ത് ചുരുങ്ങിയത് 11 പ്രാവശ്യം കാട്ടു തീയെങ്കിലും പടര്‍ന്നിരിക്കാമെന്നും ഇത് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട്. കാട്ടു തീ പടര്‍ന്നത് ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് സ്വീഡനെയാണ്. കാട്ടു തീ അണയ്ക്കാനായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളോടു സ്വീഡന്‍ സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കാട്ടു തീ അപകടകരമായ രീതിയിലേക്ക് പടരുന്നതിനെ തുടര്‍ന്നു സ്വീഡനില്‍ നാല് കമ്യൂണിറ്റികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കാട്ടു തീ പടരുന്നതിനെ തുടര്‍ന്നു സ്വീഡനില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

യൂറോപ്പിലെ അഗ്നിബാധയെ കുറിച്ച് പ്രതിദിന വിവരങ്ങള്‍ ലഭ്യമാക്കുന്ന കോപ്പര്‍നിക്കസ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് നല്‍കിയ വിവരമനുസരിച്ച് സ്വീഡനിലെ 60 ലധികം സ്ഥലങ്ങളില്‍ കാട്ടു തീയുണ്ടെന്നാണ്. സ്വീഡനെ സഹായിക്കാന്‍ അയല്‍ രാജ്യമായ നോര്‍വ ആറ് ഫയര്‍ ഫൈറ്റിംഗ് ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ട്. 6,000 ലിറ്റര്‍ വെള്ളം തളിക്കാന്‍ ശേഷിയുള്ള രണ്ട് കാനഡ എയര്‍ സി എല്‍ 4155 ഹെലികോപ്റ്റര്‍ അയക്കാന്‍ ഇറ്റലിയും തയ്യാറായിട്ടുണ്ട്.

Top