ദില്ലി: ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് രാജിവെച്ചു. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടി ഒരുമാസം തികയുന്നതിനിടയിലാണ് പ്രസാദിന്റെ രാജി. ചില വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു പ്രസാദ് നല്‍കിയ വിശദീകരണം.
മറ്റ് ക്രിക്കറ്റ് അസൈന്‍മെന്റുകള്‍ ഉള്ളതിനാലാണ് അദ്ദേഹം കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുന്നതെന്നും എന്നാല്‍ എന്താണ് പുതിയ അസൈന്‍മെന്റെന്ന് അദ്ദേഹം രാജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ബിസിസിഐ പ്രസിഡന്റ് സികെ ഖന്ന പറഞ്ഞു.
ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ടീം ജയിച്ചരുന്നു. തുടര്‍ന്ന് താരങ്ങള്‍ക്കും പരിശീലകസംഘത്തിനും വലിയ പ്രതിഫലവും പുരസ്‌കാരവും ബി.സി.സി.ഐ നല്‍കിയിരുന്നു. കഴിഞ്ഞ 30 മാസങ്ങളായി ദേശീയ ജൂനിയര്‍ ടീം സെലക്ടറായി പ്രവര്‍ത്തിക്കുന്ന പ്രസാദിന് പാരിതോഷികം നല്‍കിയിരുന്നില്ല. ഇതാകാം പ്രസാദിന്റെ രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.