ദക്ഷിണേന്ത്യ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; കേരളം രണ്ടാമത്

തേഞ്ഞിപ്പലം: ദക്ഷിണേന്ത്യ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം രണ്ടാം സ്ഥാനക്കാരായി. തമിഴ്‌നാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. മീറ്റിന്റെ അവസാനദിനത്തില്‍ നേടിയ 11 സ്വര്‍ണമടക്കം മൊത്തം 28 സ്വര്‍ണവും 39 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 654 പോയിന്റാണ് കേരളം നേടിയത്.

അപര്‍ണ റോയ്, ആന്‍സി സോജന്‍, കെസിയ മറിയം ബെന്നി എന്നിവരുടെ റെക്കോഡുകളാണ് മെഡല്‍പട്ടികയില്‍ കേരളത്തിന്റെ തിളക്കം. മീറ്റില്‍ ആകെ 17 റെക്കോഡുകളാണ് പിറന്നത്. അണ്ടര്‍ 14 വനിതാവിഭാഗത്തില്‍ മിന്‍സാര പ്രസാദ് (ഹൈജമ്പ്), അണ്ടര്‍ 18 വനിതാവിഭാഗത്തില്‍ കെ.വി. ലക്ഷ്മിപ്രിയ (400മീ. ഹര്‍ഡില്‍സ്), പി.എസ്. ആദിത്യ (ട്രിപ്പിള്‍ ജമ്പ്), അണ്ടര്‍ 18 പുരുഷവിഭാഗത്തില്‍ മാധവ് ജി. പാട്ടത്തില്‍ (400മീ. ഹര്‍ഡില്‍സ്), വി.എസ്. സെബാസ്റ്റ്യന്‍ (ട്രിപ്പിള്‍), അണ്ടര്‍ 20 പുരുഷ വിഭാഗത്തില്‍ ടി. ക്രിസ്റ്റഫര്‍ (1500മീ.), ജിബിന്‍ തോമസ് (ജാവലിന്‍), അണ്ടര്‍ 20 വനിതാവിഭാഗത്തില്‍ പി.ഡി. അഞ്ജലി (200മീ.), ആര്‍. ആരതി (400മീ. ഹര്‍ഡില്‍സ്), ജി. ഗായത്രി (ട്രിപ്പിള്‍), അണ്ടര്‍ 14 പുരുഷവിഭാഗം പി.കെ. വിഷ്ണു (ബോള്‍ ത്രോ) എന്നിവരാണ് അവസാനദിനം കേരളത്തിനായി സ്വര്‍ണം നേടിയത്.

35 സ്വര്‍ണവും 42 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 722 പോയിന്റ് കരസ്ഥമാക്കിയാണ് തമിഴ്‌നാട് ജേതാക്കളായത്. 18 സ്വര്‍ണവും 10 വെള്ളിയും 14 വെങ്കലവും അടക്കം 334 പോയിന്റ് നേടിയ കര്‍ണാടകം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 

Top