കേവലം ചില ഭീകരര്‍ക്ക് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്താനാകില്ല: ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ജമ്മുകശ്മീര്‍ : പുഞ്ച് ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രതികരണം. കേവലം ചില ഭീകരര്‍ക്ക് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഇത്തരം അരാജകവാദികള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെറും 20 മുതല്‍ 25 തീവ്രവാദികള്‍ക്ക് കശ്മീരികളെ ഭയപ്പെടുത്താനാവില്ല. ഇത്തരക്കാര്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. ജമ്മു കശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിലാണ് രാജ്യം. ഈ അരാജകവാദികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്’- ജമ്മുവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ലഫ്.ഗവര്‍ണര്‍ പറഞ്ഞു. ഭീകരവാദവും അതിനെ പിന്തുണയ്ക്കുന്ന മുഴുവന്‍ ആവാസവ്യവസ്ഥയും ഉന്മൂലനം ചെയ്യപ്പെടണമെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണ പ്രദേശം മുന്നേറുകയാണെന്നും അവകാശപ്പെട്ടു.

Top