ന്യൂഡല്‍ഹി: ജസ്റ്റിസ് അകില്‍ ഖുറേഷിയെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവില്‍ അകില്‍ ഖുറേഷി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. സീനിയോറിറ്റിയില്‍ രണ്ടാമനാണ് ജസ്റ്റിസ് അകില്‍ ഖുറേഷി. അദ്ദേഹത്തെ മധ്യപ്രദേശില്‍ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
അതേസമയം, ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാന്‍ സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ചു. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. എട്ട് ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും ശുപാര്‍ശയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകും. 28 ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിര്‍ദേശം.