തിരുവനന്തപുരം:എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് പി.എ ആന്റണിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് എന്നി കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ ആദ്യംതന്നെ പോലീസ് അന്വേഷണത്തിലേക്ക് പോകേണ്ടന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചത്. മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മിഷന്‍ വിവരങ്ങള്‍ തേടുന്നതാകും നല്ലത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണത്തോട് എതിര്‍പ്പുയരാം. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കണ്ടെത്തുകയോ, ക്രിമിനല്‍ പ്രവര്‍ത്തനം സംശയിക്കുകയോ ചെയ്താല്‍ ക്രൈബ്രാഞ്ച് അന്വേഷണം മതിയെന്നായിരുന്നു സി.പി.എം. നിലപാട്. ഈ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ജുഡീഷ്യല്‍ അന്വേഷണം എന്നകാര്യം മുഖ്യമന്ത്രി ഉറപ്പിച്ചത്.
അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് എകെ ശശീന്ദ്രന്‍ രാജിവെച്ചത്.