ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായാണ് കുര്യന്‍ ജോസഫിന്റെ ആക്ഷേപം. അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ താനും മറ്റ് മൂന്ന് ജസ്റ്റിസുമാരും ചേര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 12നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ചെലമേശ്വര്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണം ഉന്നയിച്ചത്.
ഇക്കാര്യം ദീപക് മിശ്രയുമായി താന്‍ അടങ്ങുന്ന സംഘം സംസാരിച്ചു. സുപ്രീംകോടതി നടപടികള്‍ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചതെന്നും അതേത്തുടര്‍ന്നാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.