ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷമാണ് തിഹാര്‍ ജയിലില്‍ വീണ്ടും തൂക്കുകയര്‍ ഒരുങ്ങിയത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയാണ് നിര്‍ഭയ പ്രതികള്‍ക്ക് മുന്നേ നടപ്പാക്കിയത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറില്‍ ആദ്യമായാണ് നാലുപേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നത്.
ശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി പലതവണ ഡമ്മി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആറു പ്രതികളില്‍ ഒരാളായ രാംസിങ് 2013ല്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം മൂന്നു വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാക്കി.
2013 സെപ്റ്റംബര്‍ 10ന് ശേഷിക്കുന്ന നാലുപേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്നു ദിവസത്തിനുശേഷം ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധിയെ കളിയാക്കും വിധം ഇവര്‍ വധശിക്ഷയുടെ മണിക്കൂറുകള്‍ക്ക് ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീങ്ങനെ മൂന്ന് പ്രാവശ്യവും പ്രതികള്‍ അവസാന നിമിഷം ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അവസാന ഹര്‍ജിയും ഇന്നലെ രാത്രി തള്ളിയായിരുന്നു രാവിലെ വധ ശിക്ഷ നടപ്പിലാക്കിയത്.