സമരത്തിന്റെ പേരില്‍ സമൂഹമാധ്യമകൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ശ്രീജിത്ത്

Justice for Sreejith

തിരുവനന്തപുരം : സഹോദരന്റെ മരണത്തില്‍ നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സമൂഹമാധ്യമകൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ശ്രീജിത്ത് രംഗത്ത്. സമരത്തിന് പിന്തുണയുമായെത്തിയെ സമൂഹ മാധ്യമ കൂട്ടായ്മയിലെ ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു.

എന്നാല്‍ സമൂഹമാധ്യമക്കൂട്ടായ്മയിലെ കുറെ പേര്‍ അവസാനംവരെയും ഒപ്പം നിന്നു. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് തുടര്‍ന്ന് നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി.

സഹോദരന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്ത് ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ഫേസ്ബുക്ക് ലൈവിലൂടെ താന്‍ സമരം താല്‍ക്കാലികമായാണ് അവസാനിപ്പിച്ചതെന്ന് വ്യക്തമാക്കി ശ്രീജിത്ത് രംഗത്തെത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങുകയാണെന്നും സമരം തുടരുന്ന കാര്യം ചിലരുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

വീണ്ടും സമരത്തിന് എത്തുമെന്ന് വ്യക്തമാക്കിയാണ് താന്‍ സമരസ്ഥലം വിട്ടതെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. താന്‍ സമരം ചെയ്തിടത്ത് വച്ചിരുന്ന ഫ്‌ളക്‌സ് ചിലര്‍ മാറ്റി. വളരെ വിഷമമുണ്ടായ കാര്യമാണ്. സമരത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവരാണ് ആ ഫ്‌ളക്‌സ് നശിപ്പിച്ചത്. വളരെ ഓര്‍മ്മകളുള്ള ഫ്‌ളക്‌സായിരുന്നു അത്. എന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് അത്തരമൊരു പ്രവൃത്തി ഉണ്ടായത്. നല്ലവരായ മനുഷ്യര്‍ എന്നോടൊപ്പം ഉണ്ടാവണം. എനിക്കും സഹോദരനും നീതി ലഭിച്ചിട്ടില്ല. എല്ലാവരുടേയും സഹായവും സഹകരണവും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണം. ആ ഫ്‌ളക്‌സ് എടുത്തുമാറ്റിയവര്‍ അത് കീറിക്കളഞ്ഞിട്ടില്ലെങ്കില്‍ അത് എനിക്ക് നല്‍കണം. വളരെ വേദനയോടെ ശ്രീജിത്ത് പറയുന്നു.

Top