ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 22ന് പരിഗണിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാലാണ് കേസ് മാറ്റുന്നത്.
ഇന്നലെയായിരുന്നു തീര്‍ഥാടകകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചത്. 6:34നാണു മകര വിളക്ക് ദൃശ്യമായത്. 6:15 നടപ്പന്തലില്‍ എത്തിയ തിരുവാഭരണ പേടകങ്ങള്‍ തിരുമുറ്റത്തേക്ക് ആനയിച്ചു. ഒരു പേടകം പതിനെട്ടാം പടിയിലൂടെ മുകളിലേക്കു കൊണ്ടുപോയി.
തിരുനടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണം ഏറ്റുവാങ്ങി. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും തിരുവാഭരണം ശ്രീകോവിലിന് അകത്തേക്കു കൊണ്ടു പോയി. തുടര്‍ന്നു ശബരീശനു തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.
ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കല്‍ ബേസ് ക്യാംപ് നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ എത്തിയത്.
അതേസമയം, ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.