ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണ്ണന്‍ സമര്‍പ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി തള്ളി.
നിരുപാധികം മാപ്പു പറയാമെന്ന് ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി ഇതംഗീകരിച്ചില്ല. അതേസമയം, തടവ് ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
അതേസമയം സുപ്രീം കോടതി റജിസ്ട്രി ഹര്‍ജി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് കര്‍ണ്ണന്റെ അഭിഭാഷകന്‍ പരാതി നല്‍കി. ജസ്റ്റിസ് കര്‍ണ്ണന്‍ ഏതു നിമിഷവും അറസ്റ്റു ചെയ്യപ്പെട്ടേക്കാമെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ തുടര്‍ച്ചയായി ഇക്കാര്യം ഉന്നയിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു. ഏഴംഗ ബെഞ്ച് ഒരുമിച്ചിരുന്നാലേ പരാതി പരിഗണിക്കാനാവുവെന്നും സുപ്രീം കോടതി മറുപടി നല്‍കി.
മെയ് ഒമ്പതിനാണ് ജഡ്ജിമാര്‍ക്ക് എതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് തടവുശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചിന്റേതായിരുന്നു വിധി.
രാജ്യത്ത് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സിറ്റിങ് ജഡ്ജിയാണ് കര്‍ണന്‍. എന്നാല്‍, ശിക്ഷാ വിധി വന്നതോടെ കര്‍ണന്‍ കൊല്‍ക്കത്ത വിടുകയായിരുന്നു.