Justice Kemal pasha

കൊച്ചി: ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് ആഘോഷങ്ങളുടെ പേരില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ.

പരവൂര്‍ വെടിക്കെട്ട് ദുരന്തം മനുഷ്യര്‍ ക്ഷണിച്ച് വരുത്തിയതാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലെയുളള സംസ്ഥാനത്ത് വെടിക്കെട്ട് പോലെയുളള അപകടകരമായ ആഘോഷങ്ങള്‍ പാടില്ല. ആഘോഷങ്ങളുടെ ഭാഗമായി ആനകളെയും മനുഷ്യര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി മാത്രം ഉറങ്ങാന്‍ കഴിയുന്ന ജീവിയാണ് ആന. അതിനെ ദിവസങ്ങളോളം ലോറിയില്‍ യാത്ര ചെയ്യിച്ചും ആഘോഷങ്ങള്‍ക്ക് നിര്‍ത്തിയും ദ്രോഹിക്കുന്നു. നാലുദിവസം ഉറങ്ങാതിരുന്നാല്‍ മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തന്നെയാണ് ആനകളുടെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതങ്ങളുടെ ഭാഗമായാണോ ഈ ആഘോഷങ്ങളെന്ന് നാം പരിശോധിക്കണമെന്നും, മതഗ്രന്ഥങ്ങളില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീവിവേചനം ഉണ്ടെന്ന തന്റെ പ്രസ്താവന വിവാദം ആയെങ്കിലും പറഞ്ഞതില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും, കാര്യങ്ങള്‍ പഠിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

Top