ന്യൂഡൽഹി: ജസ്റ്റിസ് കെ.എം. ജോസഫിൻറെ സീനിയോരിറ്റി താഴ്ത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ രംഗത്ത്.
ജുഡീഷ്യറിയിലെ കറുത്ത ദിനമാണ് ഇന്നത്തേതെന്നും സർക്കാരിൻറെ ഭാഗത്തു നിന്നുള്ള ആക്രമണവും ജുഡീഷ്യറിയുടെ കീഴടങ്ങലുമാണ് ഉണ്ടായിരിക്കുന്നതെന്നും ജുഡീഷ്യറിയുടെ ആത്മാവ് അന്വേഷിക്കാൻ നേരമായെന്നും കപിൽ സിബൽ വ്യക്തമാക്കി. പുതിയ മൂന്ന് ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് നടക്കുക.
ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിൽ മൂന്നാമത്തെ ആളായി ജസ്റ്റീസ് കെ.എം. ജോസഫിനെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാർ തിങ്കളാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൊളീജിയം ആദ്യം ശുപാർശ ചെയ്തത് ജസ്റ്റിസ് ജോസഫിൻറെ പേരായതിനാൽ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നാണ് കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാർ അറിയിച്ചിരിക്കുന്നത്. അതേസമയം, ജസ്റ്റിസ് കെ.എം. ജോസഫിൻറെ സീനിയോരിറ്റി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാറും രംഗത്തെത്തിയിരുന്നു.