ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ഇന്ന് ചേരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം. ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി കൊളീജിയം. വൈകുന്നേരം 4.15ന് സുപ്രീം കോടതി പരിസരത്ത് തന്നെയാണ് യോഗം
ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ച നിലപാടില്‍ തീരുമാനമെടുക്കാനാണ് കൊളീജിയം ചേരുന്നത്. ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ കൊളീജിയം വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കുമെന്നാണ് സൂചന.കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് നിയമനം അംഗീകരിക്കാത്തതെന്നായിരുന്നു പ്രധാന ആരോപണം.
ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായാണ് കഴിഞ്ഞ ജനുവരി പത്തിന് കൊളീജിയം തീരുമാനമെടുത്തത്. എന്നാല്‍, സീനിയോറിറ്റി അടക്കം കാരണങ്ങള്‍ പറഞ്ഞ് ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയായിരുന്നു. ജസ്റ്റീസ് ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാര്‍ നിലവിലുണ്ടെന്നും കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയത്.
ദേശീയ തലത്തിലുള്ള ജഡ്ജിമാരുടെ സീനിയോരിറ്റി പട്ടികയില്‍ കെ.എം. ജോസഫിന്റെ സ്ഥാനം 42 ആണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കോടതിയില്‍ ന്യായീകരിച്ചെങ്കിലും സര്‍ക്കാര്‍ ജുഡീഷറിയുടെ അധികാരങ്ങളില്‍ കൈകടത്തുന്നുവെന്ന നിലപാടാണ് കൊളീജിയത്തിലെ മറ്റ് ജഡ്ജിമാര്‍ക്കുള്ളത്. അതേസമയം, ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദുമല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ജോസഫിന്റെ നിയമനക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കൊളീജിയത്തിനുളളത്. സുപ്രീംകോടതിയുടെ നിലനില്‍പ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്ന വികാരമാണ് ജഡ്ജിമാര്‍ക്കിടയിലുളളത്. കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിക്ക് നേരേയുളള കടന്നുകയറ്റമാണെന്ന അഭിപ്രായം മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിക്കും. കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യും. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്‌വഴക്കവും ചൂണ്ടിക്കാട്ടി കേന്ദ്രത്തെ കൊളീജിയം അറിയിക്കും.
ഇതാദ്യമായല്ല ജോസഫിനെതിരെ കേന്ദ്രം നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. മുന്‍പ്, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എം.ജോസഫിനെ ആന്ധ്ര, തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുളള ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചിരുന്നില്ല.