ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ ജഡിജിമാരുടെ പ്രതിഷേധത്തില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.ക. വേണുഗോപാലിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ചീഫ് ജസ്റ്റീസ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തിയത്. ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തില്‍ കേന്ദ്രത്തിന്റെ നയം ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു.
അതേസമയം, നിലവിലെ കീഴ്വഴക്കം അനുസരിച്ചാണ് നിയമനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ടുപേരും ജസ്റ്റിസ് കെ എം ജോസഫിന് മുമ്പ് ജഡ്ജിമാരായവരാണെന്നും കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റമില്ല. സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ജസ്റ്റീസ് ജോസഫിന്റെ പേര് അവസാനമായി കൊടുത്തതാണ് എതിര്‍പ്പിനിടയാക്കിയത്.
2018 ജൂലൈ 16നാണ് മൂന്നുപേരുടെയും നിയമന ശുപാര്‍ശ ലഭിച്ചത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര്, മറ്റ് രണ്ട് ജഡ്ജിമാരുടെ പേരിനൊപ്പം സമര്‍പ്പിക്കുകയായിരുന്നു. ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയതില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.