ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം. ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള നിയമനം അനിശ്ചിതത്വത്തില്‍. കൊളീജിയം അംഗമായ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണിത്.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, എം.ബി. ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം തീരുമാനിച്ചിരുന്നു. മെയ് 11ന് ധാരണയായ ആദ്യ കൊളീജിയം ശിപാര്‍ശ കേന്ദ്രം മടക്കിയയച്ചു. വീണ്ടും ശിപാര്‍ശ ചെയ്യാനായി കൊളീജിയം നിലപാടെടുത്തെങ്കിലും എന്ന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നു സുപ്രീം കോടതിയുടെ പടിയിറങ്ങുന്നതോടെ സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ. സിക്രി കൊളീജിയം അംഗമാകും. ഇതോടെ ജസ്റ്റിസ് കെ.എം. ജോസഫിന്റെ സ്ഥാനാരോഹണ വിഷയത്തില്‍ പുനരാലോചന വന്നേക്കാമെന്നാണ് സൂചന.