തിരുവനന്തപുരം: നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടും സമരം തുടരുമെന്ന ബസുടമകളുടെ പ്രഖ്യാപനത്തിനെതിരേ ജസ്റ്റീസ് എം.രാമചന്ദ്രന്‍ രംഗത്ത്. സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് എം രാമചന്ദ്രന്‍ കമ്മീഷന്‍ അറിയിച്ചു.
മിനിമം നിരക്കില്‍ പത്ത് രൂപ വര്‍ധനവ് ആവശ്യമില്ലന്നും, ഒരു രൂപ മാത്രം കൂട്ടിയത് ആശ്വാസകരമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു. ഡീസല്‍ ചാര്‍ജ് ഇനിയും കൂടിയാല്‍ മാത്രമേ നിരക്ക് വര്‍ധന ആലോചിക്കേണ്ടതുള്ളൂ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ രാമചന്ദ്രന്‍ കമ്മീഷനെയാണ് നിയോഗിച്ചിരുന്നത്.
ഇതിനിടെ ബസ് ചാര്‍ജ് ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂ. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം നിരക്ക് വര്‍ദ്ധന അപര്യാപ്തമാണെന്നും വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കാനാകില്ലെന്നും അവര്‍ അറിയിച്ചു.