കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. 1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകള്‍ സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ക്കൊപ്പം ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തി. പ്രതിഷേധ ധര്‍ണയുടെ ചിത്രത്തോടൊപ്പം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് ഭരണസമിതി അപ്പീല്‍ നല്‍കിയത്. മസ്ജിദ് ഭരണസമിതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൂജയ്ക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് സമിതി ആവശ്യപ്പെടുകയും ചെയ്തു. മസ്ജിദ് സമിതി നല്‍കിയ ഹര്‍ജി ഉടന്‍ കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീല്‍ നല്‍കിയത്. അതേസമയം ഹിന്ദുമത വിശ്വാസികള്‍ ഹൈക്കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിരുന്നു.
കോടതി അനുമതി നല്‍കിയതിന് പിന്നാലെ വ്യാഴാഴ്ച ഗ്യാന്‍വാപിയില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തിയിരുന്നു. ഗ്യാന്‍വാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകള്‍ മറക്കുകയും ചെയ്തു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ഗ്യാന്‍വാപി മസ്ജിദ് എന്നായിരുന്നു സൂചന ബോര്‍ഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നില്‍ സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.