വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിശ്വനാഥന്റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. വയനാട്ടിലേക്ക് തിരിച്ച അന്വേഷണസംഘം അമ്മയുടെയും സഹോദരന്റെയും മൊഴിയെടുക്കും. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യംചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് തുടങ്ങി.
ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ദുരൂഹത ഒഴിയാൻ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സാധ്യതകളാണ് പ്രത്യേക അന്വേഷണസംഘം തേടുന്നത്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൽപ്പറ്റയിലെത്തി വിശ്വനാഥന്റെ ബന്ധുക്കളുടെ മൊഴിയെടുക്കും. തുടർന്ന് കോടതി അനുമതിയോടെ റീ പോസ്റ്റുമോര്‍ട്ടത്തിലേക്ക് നീങ്ങാനാണ് തീരുമാനം
മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്നാണ് ഇനി അറിയേണ്ടത്. അന്വേഷണത്തിൽ ഉടൻ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.