കൊച്ചി: ജിഷ വധക്കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പോലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്
ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പ്രൊഫഷണലായ അന്വേഷമല്ല ഈ കേസില്‍ പോലീസ് നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം വിഡീയോയില്‍ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. മൃതദേഹം ദഹിപ്പിക്കാന്‍ പോലീസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന അഞ്ചാം ദിവസമാണ് വീട് പോലീസ് ബന്തവസ് ചെയ്തത്. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്ത് തരം അന്വേഷണമാണ് കേസില്‍ പോലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണകുറിപ്പ് വ്യക്തമാക്കി.
പാറശാല സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിംഗ് നടത്തുന്നതിനിടെയാണ് പരാതി പരിഹാര സെല്‍ ചെയര്‍മാന്‍ ജിഷക്കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്.