തിരുവനന്തപുരം : കേരളത്തില്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ജസ്റ്റിസ് സിരിജഗന്‍ സമിതി വിധിക്കുന്ന നഷ്ടപരിഹാരതുകയ്ക്ക് പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍.
തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ച് ലക്ഷമായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയില്‍ നിന്ന് നല്‍കുന്ന ഉയര്‍ന്ന തുകയും അഞ്ച് ലക്ഷം രൂപയാണെന്നും സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭീമമായ തുക നഷ്ടപരിഹാരം നല്‍കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആണ് കേരളത്തിന്റെ പുതിയ അപേക്ഷ. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ പരാതികള്‍ പരിശോധിക്കാനും, അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാനും ആയി സുപ്രിം കോടതി 2016 ഏപ്രില്‍ അഞ്ചിനാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ 18 മാസങ്ങള്‍ക്ക് ഇടയില്‍ 11 റിപ്പോര്‍ട്ടുകള്‍ ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രിം കോടതിക്ക് കൈമാറിയിരുന്നു.