സ്വേച്ഛാധിപത്യപരം; യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടിയ്‌ക്കെതിരെ കമല്‍ഹാസന്‍

kamalhassan

ചെന്നൈ: തമിഴ്‌നാട്ടില്‍ സാമൂഹിക പ്രവര്‍ത്തകനും എഎപി മുന്‍ നേതാവുമായ യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍ രംഗത്ത്.

യോഗേന്ദ്ര യാദവിന്റെ അറസ്റ്റ് സ്വേച്ഛാധിപത്യപരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ എന്തിനാണ് തടയാന്‍ ശ്രമിക്കുന്നതെന്നും ഇവിടെ എല്ലാവര്‍ക്കും ഭയം കൂടാതെ അഭിപ്രായം പറയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗേന്ദ്ര യാദവിനെ സഹോദരന്‍ എന്നാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാന്‍ മാത്രമാണ് അദ്ദേഹം ഇവിടെയെത്തിയതെന്നും കമല്‍ഹസന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ എക്‌സ്പ്രസ് വേ പദ്ധതിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച തിരുവണ്ണാമലൈയില്‍ നിന്നാണ് യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് തമിഴ്‌നാട്ടില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ തിരുവണ്ണാമലൈയ്ക്ക് സമീപം എത്തിയപ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി യോഗേന്ദ്ര യാദവിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും കൈയ്യേറ്റം ചെയ്തശേഷം പൊലീസ് വാഹനത്തിലേക്ക് ബലംപ്രയോഗിച്ച് കയറ്റിയെന്നും യാദവ് പറഞ്ഞു. 10,000 കോടി മുടക്കു മുതലില്‍ നിര്‍മിക്കുന്ന സേലം ചെന്നൈ എട്ടുവരി ഹരിത ഇടനാഴി പദ്ധതിക്കെതിരെയാണ് കര്‍ഷക പ്രതിഷേധം.

Top