വേള്‍ഡ് ടൂര്‍ റദ്ദാക്കി പോപ് താരം ജസ്റ്റിന്‍ ബീബര്‍ ; ആരാധകരോട് ക്ഷമ ചോദിച്ചു

പോപ് താരം ജസ്റ്റിന്‍ ബീബര്‍ 14 വേദികള്‍ കൂടി ശേഷിക്കെ തന്റെ വേള്‍ഡ് ടൂര്‍ അവസാനിപ്പിച്ചു.

വ്യക്തിപരമായ കാരണങ്ങളാണ് ടൂര്‍ അവസാനിപ്പിക്കുന്നതെന്നും, പരിപാടി റദ്ദാക്കിയതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ബീബര്‍ അറിയിച്ചു.

ഹിറ്റ് ആല്‍ബമായ പര്‍പ്പസിന്റെ പ്രചാരാണാര്‍ഥമായിരുന്ന ജസ്റ്റിന്‍ ബീബര്‍ വേള്‍ഡ് ടൂര്‍ സംഘടിപ്പിച്ചത്. ഏഷ്യയിലെയും നോര്‍ത്ത് അമേരിക്കയിലെയും 14 വേദികളില്‍ കൂടി പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ബീബറിന്റെ ഈ പിന്‍മാറ്റം.

തനിക്ക് വിശ്രമം ആവശ്യമാണെന്നും അതിനാല്‍ വേള്‍ഡ് ടൂര്‍ അവസാനിപ്പിക്കുകയാണെന്നും ബീബര്‍ അറിയിച്ചതായി വേള്‍ഡ് ടൂര്‍ സംഘാടകര്‍ അറിയിച്ചു.

വിറ്റ ടിക്കറ്റുകളുടെ തുക അതാത് വ്യക്തികള്‍ക്ക് തിരികെ നല്‍കുമെന്നും വേള്‍ഡ് ടൂര്‍ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 2016ലാണ് വേള്‍ഡ് ടൂര്‍ തുടങ്ങിയത്. ഇന്ത്യയുള്‍പ്പെടെ 150 വേദികളില്‍ ഇതിനോടകം പരിപാടി അവതരിപ്പിച്ചു.

ഇന്ത്യയില്‍ പരിപാടി അവതരിപ്പിച്ചപ്പോള്‍ ലൈവായി ബീബര്‍ പാടിയില്ലെന്നും റെക്കോര്‍ഡ് ചെയ്ത ഗാനം പാടും പോലെ കാണിക്കുകയായിരുന്നവെന്നും ആരോപണമുയര്‍ന്നിരുന്നു.

ബീബറിന്റെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ചൈന ടൂര്‍ പരിപാടി റദ്ദാക്കിയിരുന്നു.

Top