ഹര്‍ദീപ് സിങ് നിജ്ജര്‍ വധം: അന്വേഷണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യപ്പെട്ട് വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ഖലിസ്താന്‍ വിഘടനവാദിയും ഇന്ത്യ തിരയുന്ന ഭീകരനുമായ ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരന്റെ പേരില്‍ കഴിഞ്ഞദിവസം യു.എസിലെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.

‘ഞങ്ങള്‍ തുടക്കംമുതല്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്’, കനേഡിയന്‍ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഖലിസ്താന്‍ നേതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയുടെ പേരിലാണ് കഴിഞ്ഞദിവസം യുഎസ് ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പന്നൂനെ വധിക്കാന്‍ വാടകക്കൊലയാളിക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ (83 ലക്ഷം രൂപ) നല്‍കാമെന്ന് ഗുപ്ത വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. പത്ത് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൊലപാതക ശ്രമം, ഗൂഢോലോചന എന്നീ കുറ്റങ്ങളാണ് നിഖിലിന്റെ പേരില്‍ ചുമത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ 30-ന് ചെക്ക് റിപ്പബ്ലിക്കില്‍വെച്ചാണ് ഇയാളെ യുഎസ് പോലീസ് അറസ്റ്റുചെയ്തത്.

Top