മൗറിസിയോ സാരിക്ക് പകരക്കാരനായി ആന്ദ്രേ പിര്‍ലോ യുവന്റസിന്റെ പരിശീലക സ്ഥാനത്ത്

ടൂറിന്‍: മൗറിസിയോ സാരിക്ക് പകരം ഇറ്റാലിയന്‍ ഫുട്ബോളിലെ ഇതിഹാസതാരം ആന്ദ്രേ പിര്‍ലോയെ യുവന്റസിന്റെ പരിശീലകനായി നിയമിച്ചു. ചാംപ്യന്‍സ് ലീഗിലെ തോല്‍വിയെ തുടര്‍ന്നാണ് ക്ലബ് മൗറിസിയോ സാരിയെ പുറത്താക്കിയത്. മുന്‍ ടോട്ടന്‍ഹാം പരിശീലകന്‍ മൗറീസിയോ പൊച്ചടീനോ പരിശീലകനായി എത്തുമെന്ന് കരുതിയിരിക്കെയാണ് പിര്‍ലോയുടെ വരവ്.

അടുത്തിടെ യുവന്റസ് ജൂനിയര്‍ ടീമിന്റെ(അണ്ടര്‍ 23) പരിശീലകനായി 41കാരനായ പിര്‍ലോയെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ തീരുമാനം. ആദ്യമായിട്ടാണ് പിര്‍ലോ ഒരു സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. യുവേഫ പ്രൊ ലൈസന്‍സ് കോഴ്സ് വിജയിച്ചതും ഈയിടെയാണ്. വിരമിക്കലിന് ശേഷം പരിശീലകനായി തുടരുമെന്ന് നേരത്തെ പിര്‍ലോ വ്യക്തമാക്കിയിരുന്നു.

2015ലാണ് പ്ലേമേക്കറായ പിര്‍ലോ യുവന്റസില്‍ നിന്ന് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെത്തിയത്. യുവന്റസിന്റെ നാല് സീരി എ കിരീട വിജയത്തില്‍ പങ്കാളിയായിട്ടുള്ള പിര്‍ലോ 2017ലാണ് ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. മധ്യനിരയിലെ മാന്ത്രികനായാണ് പിര്‍ലോ അറിയപ്പെടുന്നത്. പന്തിന്‍മേലുള്ള അസാധ്യമായ നിയന്ത്രണവും പാസിലെ കൃത്യതയും ക്രിയാത്മകതയും പിര്‍ലോയെ മധ്യനിരയില്‍ പകരംവെക്കാനില്ലാത്ത താരമാക്കി.

ന്യൂയോര്‍ക്ക് സിറ്റി എഫ് സിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് പിര്‍ലോ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൊഫഷണല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞത്. 2006ല്‍ ഇറ്റലിയെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പിര്‍ലോ, ബ്രസിയ, ഇന്റര്‍ മിലാന്‍, എസി മിലാന്‍, യുവന്റസ്, ന്യൂയോര്‍ക്ക് സിറ്റി ക്ലബുകളുടെയും താരമായിരുന്നു.

Top