കമല്‍ നാഥിനെ ഇറക്കാന്‍ ‘കാവിപ്പട’; സിന്ധ്യയെ ബിജെപിയിലേക്ക് വലിക്കും

കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ബിജെപിയിലെ ഉന്നത ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയില്‍ സിന്ധ്യയെ എത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം ശക്തമായി പ്രവര്‍ത്തിക്കുന്നതായി ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.

അതേസമയം ജ്യോതിരാദിത്യ സിന്ധ്യക്ക് പന്നിപ്പനി മൂലം സംസാരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഫോണ്‍ എടുക്കാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് അവകാശപ്പെട്ടു. സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പന്നിപ്പനി ബാധിച്ച മധ്യപ്രദേശ് കോണ്‍ഗ്രസിനെ ശക്തനായ നേതാവിന് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വിവരം ലഭിച്ചെന്നാണ് സിംഗ് പറയുന്നത്.

15 മുതല്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാരാണ് സിന്ധ്യക്കൊപ്പം നേതൃത്വത്തിന്റെ പിടിവിട്ട് നില്‍ക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടു. ഏതാനും മന്ത്രിമാരും കാണാതായവരുടെ കൂട്ടത്തിലുണ്ട്. കാണാതായ എംഎല്‍എമാര്‍ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ബെംഗളൂരുവിലേക്കാണ് പോയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി കളിക്കുന്ന കളിയാണിതെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആരോപിച്ചു. മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ മുങ്ങല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. രാജസ്ഥാനിലെ മൂന്ന് സീറ്റില്‍ ഓരോ സീറ്റ് വീതം ബിജെപിയും, കോണ്‍ഗ്രസും വിജയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ മൂന്നാമത്തെ സീറ്റ് നേടാന്‍ രണ്ട് അംഗങ്ങളുടെ കുറവുണ്ട്. ബിജെപിക്ക് ഒന്‍പത് അംഗങ്ങളുടെ പിന്തുണയാണ് ഇതിന് ആവശ്യം.

അതേസമയം, മുതിര്‍ന്ന നേതാവായ സിന്ധ്യക്ക് പാര്‍ട്ടിയില്‍ നേരിട്ട ബുദ്ധിമുട്ടുകളും, ദിഗ്‌വിജയ് സിംഗിന്റെ ഇടപെടലുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ബിജെപി സംസ്ഥാന വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ബിജെപിക്ക് ഇതില്‍ യാതൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്തായാലും മാര്‍ച്ച് 16ന് ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ഘട്ടത്തില്‍ കമല്‍നാഥ് സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Top