ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ കടന്നു പോകുന്നത്. അതിന്റെ വ്യക്തമായ സൂചനയാണ് രാജ്യമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ചര്‍ച്ച ചെയ്യപ്പെടുന്ന ജോതിരാദിത്യ സിന്ധ്യ പോലും പാര്‍ട്ടി നിലപാടിനെ തള്ളി പറഞ്ഞു കഴിഞ്ഞു. രാജ്യസഭയിലെ പാര്‍ട്ടി വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചാണ് പ്രതിഷേധിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞത് കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിതെറിക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് രൂക്ഷമായ ഭിന്നതയാണ് കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ടിരിക്കുന്നത്.
അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമെല്ലാം ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍.ഹൈക്കമാന്റ് യോഗം കൂടി കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതികരിച്ചെങ്കിലും ഈ പ്രതികരണത്തെയും തള്ളിപ്പറയുകയാണ് മറ്റൊരു വിഭാഗം. അവര്‍ ജോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് കലാപക്കൊടി ഉയര്‍ത്തുന്നത്. പരസ്യമായി ട്വിറ്റ് ചെയ്ത് പാര്‍ട്ടി നിലപാടിനെതിരെ രംഗത്ത് വന്ന സിന്ധ്യക്കെതിരെ നടപടിയെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.
ഒരേസമയം വിവാദ ബില്ലുകളെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന ഇരട്ട നിലാപാടാണ് കോണ്‍ഗ്രസിലുള്ളത്. കശ്മീര്‍ പ്രമേയത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഇതുതന്നെയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര തീരുമാനം രാജ്യതാത്പര്യം മുന്‍ നിര്‍ത്തിയാണെന്നും അതിനാല്‍ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായുമാണ് ജ്യോതിരാദിത്യ സിന്‍ന്ധ്യ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം മൗനം പാലിച്ച രാഹുല്‍ ഗാന്ധിപോലും വിഷയത്തില്‍ തുറന്ന് പ്രതികരിക്കാന്‍ തയ്യാറാവാത്തതും സംശയാസ്പതമാണ്.പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പ്രമേയതിനെതിരെ ട്വീറ്റിലൂടെ മാത്രമാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചതെന്നതും നാം ഓര്‍ക്കണം.ലോക്‌സഭയിലെ കോണ്‍ഗ്രസ്സ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാകട്ടെ അമിത് ഷാക്ക് മുന്നില്‍ മുട്ടുവിറച്ചാണ് നിന്നുപോയത്.എന്താണ് ജമ്മു കശ്മീരെന്നും എന്താണ് അവിടുത്തെ പ്രശ്‌നമെന്നും അറിയാത്ത ഒരു വിഡ്ഢിയെ പോലെയായിരുന്നു ചൗധരിയുടെ പ്രസംഗം.
‘1948 മുതല്‍ യു.എന്‍ നിരീക്ഷണത്തിലുള്ള വിഷയമാണ് ജമ്മു കശ്മീരെന്നും അതിലെടുക്കുന്ന തീരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്നുമായിരുന്നു’ അദ്ദേഹത്തിന്റെ ചോദ്യം. പാക്ക് അധിനിവേശ കശ്മീരിനെ കുറിച്ച് എന്താണ് പരാമര്‍ശിക്കാത്തതെന്നും ചൗധരി ചോദിക്കുകയുണ്ടായി.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ പറയുന്നതെന്ന മറുചോദ്യമുയര്‍ത്തിയാണ് അമിത് ഷാ ചൗധരിയെ നേരിട്ടിരുന്നത്. യു.എന്‍ ഇടപെടലാണോ കോണ്‍ഗ്രസ്സിന്റെ ആവശ്യമെന്നും അമിത് ഷാ ചോദിക്കുകയുണ്ടായി. കശ്മീര്‍ എന്ന് പറയുമ്പോള്‍ അതില്‍ പാക് അധിനിവേശ കശ്മീരും ഉള്‍പ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇതോടെ കോണ്‍ഗ്രസ്സ് നേതാവിന് ഉത്തരം മുട്ടുകയായിരുന്നു.
കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിയെ നാണം കെടുത്തുന്ന ഏര്‍പ്പാടായിപ്പോയി ചൗധരിയുടെ നിലപാടെന്ന വിമര്‍ശനവും ഉയരുകയുണ്ടായി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തിലുള്ള അതൃപ്തി ചൗധരിയെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമാരെ കാണുമ്പോള്‍ നിലപാടുകള്‍ മറന്ന് പതറുന്ന സാഹചര്യമാണ് പാര്‍ലമെന്റില്‍ നിലവില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടി നിലപാട് എന്താണെന്ന് പോലും അറിയാതെ അവനവന് തോന്നുന്നതാണ് ഇപ്പോള്‍ പലരും വിളിച്ച് പറയുന്നത്.
അമിത് ഷാക്ക് മന:പൂര്‍വ്വം ഗോളടിക്കാനുള്ള അവസരം ചൗധരി ഉണ്ടാക്കി കൊടുക്കുകയായിരുന്നു എന്ന് വരെ ആരോപണമുയര്‍ന്നു കഴിഞ്ഞു.കോണ്‍ഗ്രസ്സ് ജനപ്രതിനിധികളും നേതാക്കളും കൂട്ടത്തോടെ കാവിയണിയുന്ന സാഹചര്യത്തില്‍ കശ്മീര്‍ വിഷയം ശരിക്കും ആ പാര്‍ട്ടിയെ വെട്ടിലാക്കിയ അവസ്ഥയാണുള്ളത്. അടുത്ത തിരഞ്ഞെടുപ്പ് വരെ എത്ര ജനപ്രതിനിധികള്‍ പാര്‍ട്ടിയില്‍ അവശേഷിക്കുമെന്ന കാര്യത്തില്‍ നെഹറു കുടുംബത്തിന് പോലും വലിയ ഉറപ്പൊന്നുമില്ല.
കോണ്‍ഗ്രസ്സില്‍ നിന്നും കൂട്ട പലായനം തന്നെ ബി.ജെ.പിയിലേക്ക് നടക്കുന്നതിനാല്‍ ‘ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പി’ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും പരിഹസിക്കുന്നത്. ഇവിടെയാണ് സി.പി.എം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യത്യസ്തമാകുന്നത്. ലോക്‌സഭയിലായാലും രാജ്യസഭയിയിലായാലും വിരലിലെണ്ണാവുന്ന
അംഗങ്ങളേ ഈ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ നിലവിലുള്ളൂ. എന്നാല്‍ നിലപാടുകളുടെ കാര്യത്തില്‍ ചെങ്കൊടിക്ക് ഒറ്റ നിലപാടെ ഒള്ളൂ. അതാകട്ടെ ഉറച്ച തുമാണ്. കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി രൂപപ്പെടുത്തുന്നതല്ല തങ്ങളുടെ നിലപാടെന്ന് ഇതിനകം തന്നെ സി.പി.എം പാര്‍ലമെന്റിനെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും ബി.ജെ.പിക്ക് എതിരെ പോരാടുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് സി.പി.എം എം.പിയായ എളമരം കരീമാണ്.യു.എ.പി.എ ബില്ലിനെതിരായി ആഞ്ഞടിക്കുമ്പോഴാണ് ഇക്കാര്യം കരീം സഭയില്‍ വ്യക്തമാക്കിയത്. ഒരു കമ്യൂണിസ്റ്റായതാന്‍ അവസാന ശ്വാസം വരെ ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെ പൊരുതുമെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. ഭരണകൂടത്തെ എതിര്‍ക്കുന്ന ആരെയും യു.എ.പി.എ നിയമം ദുരുപയോഗം ചെയ്ത് അകത്താക്കാനാകുമെന്നാണ് കരീം ചൂണ്ടിക്കാണിച്ചിരുന്നത്. ബില്‍ ഭരണകൂട ഭീകരതയാണെന്നും സി.പി.എം എം.പി വ്യക്തമാക്കുകയുണ്ടായി.
ബി.ജെ.പി സര്‍ക്കാര്‍, സനാദന്‍ സന്‍സ്ഥ പോലുള്ള തീവ്ര സംഘടനകളോട് കാണിക്കുന്ന മൃദുസമീപനത്തെയും കരീം രാജ്യസഭയില്‍ ചോദ്യം ചെയ്തു. ടാഡ പോലുള്ള നിയമങ്ങള്‍ ചുമത്തി ആയിരക്കണക്കിന് മുസ്ലീങ്ങളെ മുന്‍പ് അറസ്റ്റ് ചെയ്ത സംഭവം ഓര്‍മ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വൈകാരിക പ്രസംഗം.
ജമ്മു കശ്മീര്‍ വിഷയത്തിലും സി.പി.എം വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യം തുറന്ന് പറയുകയുമുണ്ടായി. അതു കൊണ്ട് തന്നെ സി.പി.എം അണികളെ സംബന്ധിച്ച് ഇക്കാര്യത്തിലും ഒരു വ്യക്തത കുറവുമില്ല.’ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതും ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയുമുള്ള പ്രഹരമായാണ് സിപിഎം വിലയിരുത്തുന്നത്.
‘ജമ്മു കശ്മീര്‍ ജനത ഇന്ത്യയോടൊപ്പം നിന്നവരാണെന്നും രാജ്യം അവരോട് കാണിച്ചിട്ടുള്ള പ്രതിബന്ധതയാണ് അവര്‍ക്ക് നല്‍കിയ പ്രത്യേക പദവി നല്‍കുന്ന 370 അനുഛേദത്തിലുള്ളതെന്നുമാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറി അവരെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ ആക്ഷേപം.
ദേശീയ ഐക്യത്തിനെതിരെയുള്ള ആക്രമണമാണ് ബിജെപി നടത്തിയിരിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളുമായി ജമ്മു കശ്മീര്‍ ജനതക്ക് ഐക്യം ഉണ്ടാക്കിയെടുക്കേണ്ടത് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്താണെന്നുമാണ് സിപിഎം വാദിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധമായ ഉറപ്പ് നല്‍കിയരുന്നതായും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് ജമ്മു കശ്മീര്‍ ജനതയുടെ മാത്രം പ്രശ്‌നമല്ലെന്നും, ആക്രമണം ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും, ഭരണഘടനക്കും എതിരായാണെന്നുമാണ് സിപിഎം ആരോപിക്കുന്നത്. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷേഭത്തിനും ഇടത്പക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തിരിച്ചടിയെപ്പോലും ഭയക്കാതെ ഒരിക്കല്‍ കൂടി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് സി.പി.എം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല. ഉന്നത നേതാക്കള്‍ തന്നെ രണ്ട് തട്ടിലാണ്. പലരും തങ്ങളുടെ നിലപാടാണ് പാര്‍ട്ടി നിലപാടാക്കി അവതരിപ്പിച്ച്‌കൊണ്ടിരിക്കുന്നത്. ചൗധരിയിലൂടെ പാര്‍ലമെന്റ് കണ്ടതും അതാണ്.
ദേശീയ അദ്ധ്യക്ഷനില്ലാത്ത പാര്‍ട്ടി ഇപ്പോള്‍ നിലപാടുകള്‍ ഇല്ലാത്ത പാര്‍ട്ടി കൂടിയായി മാറിയിരിക്കുകയാണ്. ഇതിനെയാണ് മഹാദുരന്തമെന്ന് വിശേഷിപ്പിക്കേണ്ടത്. മഹാന്‍മാരായ നിരവധി നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു പാര്‍ട്ടിയുടെ ദയനീയ അവസ്ഥയാണിത്. കാവി കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ക്ക് പറഞ്ഞ പണിയല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് സ്വന്തം നേതാക്കളെ പഠിപ്പിക്കാന്‍ ചങ്കുറപ്പുള്ള ആരും തന്നെ ആ പാര്‍ട്ടിയിലില്ല. അതാണ് യാഥാര്‍ത്ഥ്യം.
Political Reporter