k babu-bar bribe-vigilance-no-evidence

തൃശൂര്‍: മന്ത്രി കെ.ബാബു ബിജു രമേശില്‍ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജലന്‍സ് മേധാവി എന്‍.ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

44 രേഖകള്‍ പരിശോധിക്കുകയും 13 പേരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ബിജു രമേശിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കുമുള്ള ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൊഴികളുടേയും സാങ്കേതിക പരിശോധനകളുടേയും അടിസ്ഥാനത്തില്‍ ആരോപണം തെളിയിക്കാനായിട്ടില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് വിജിലന്‍സ് ജഡ്ജി അവധിയായതിനാല്‍ കേസ് നാളെയായിരിക്കും പരിഗണിക്കുക.

ആരോപണത്തിന്മേല്‍ മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കഴിഞ്ഞ മാസം കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.

ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കോടതി ഉത്തരവിനേത്തുടര്‍ന്നാണ് ബാബു രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. രാജി മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. പിന്നീട് ഹൈക്കോടതി വിജിലന്‍സ് കോടതിയുടെ പരാമര്‍ശം തിരുത്തിയതിനെത്തുടര്‍ന്നാണ് മന്ത്രി രാജി പിന്‍വലിച്ചത്.

Top