K Babu against Pinarayi Vijayan

കൊച്ചി: ലാവലിന്‍ കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ച് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.ബാബു. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവെച്ചത്. ആ മാതൃക പിണറായിയും കാട്ടണം.

അല്ലാതെ തനിക്കെതിരെ പറയാന്‍ പിണറായിക്ക് ധാര്‍മ്മിക അവകാശമില്ല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ രാജി സമര്‍പ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. അല്ലാതെ കെപിസിസി പ്രസിഡന്റിനല്ലെന്നും കെ.ബാബു. രാജി വയ്ക്കുന്നതിന് മുന്‍പ് കെപിസിസി പ്രസിഡന്റിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കിട്ടിയില്ല. കെപിസിസി സ്ഥാനങ്ങള്‍ രാജി വയ്ക്കുകയാണെങ്കില്‍ മാത്രമെ പാര്‍ട്ടി അദ്ധ്യക്ഷനെ കാണേണ്ടതുള്ളൂവെന്നും ബാബു പറഞ്ഞു.

തൃശൂര്‍ വിജിലന്‍സ് കോടതി തനിക്കെതിരെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാവും. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് താന്‍ രാജി വച്ചത്. ഗുരുതരമായ പരാമര്‍ശം ഉണ്ടായാല്‍ അധികാരത്തില്‍ കടിച്ചു തൂങ്ങില്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയിരുന്നതാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിന് തിരുവനന്തപുരത്ത് പലയിടത്തും അനധികൃത കെട്ടിടങ്ങളുണ്ടെന്നും ബാബു പറഞ്ഞു.

ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലം മുതല്‍ ബിജു രമേശിനെ സംരക്ഷിച്ചുപോരുന്നുണ്ട്. ഒരു കോടിയോളം രൂപ നികുതി ഇനത്തില്‍ ബിജു രമേശ് അടയ്ക്കാനുണ്ട്. ബിജു രമേശിന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ഇടതുമുന്നണി തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Top